ഞാന്‍ ദരിദ്രനായി ജനിച്ചു,
എന്റെച്ഛന്‍ ദരിദ്രനായതിനാല്‍.
എനിക്കു ചുറ്റും ദരിദ്രന്‍ തന്നെയായിരുന്നു,
കാരണം
ദരിദ്രര്‍ കൂട്ടമായി, ഒരിടത്ത് താമസിക്കണമെന്ന-
-അലിഖിത നിയമം, അവ്യക്തതയില്‍ എഴുതാതെ വെച്ചതുകൊണ്ട്.
വിദ്യ എന്നില്‍ നിന്നകന്നു നിന്നു.
വിദ്യ നേടണമെങ്കില്‍, പുസ്തകം വേണം, നല്ല വസ്ത്രങ്ങള്‍ വേണം,
എനിക്കതൊന്നുമില്ലായിരുന്നു.
ഞാന്‍ അക്ഷരം പഠിക്കുന്നതിന് പകരം, തെറി പറയാന്‍ പഠിച്ചു.
ദരിദ്രര്‍ തെറി പറഞ്ഞാലതവരുടെ സംസ്ക്കാരമാകുന്നു.
ദരിദ്രര്‍ക്കു, തെറി എവിടേയും പറയാം, അവര്‍ക്ക് കാപഠ്യത്തിന്റെ,
മുഖമൂടി ഇല്ലാത്തതിനാല്‍.
ഞാന്‍ തല്ലുകൂടി, സമൂഹത്തില്‍ ദരിദ്രര്‍ തെമ്മാടിയായിരിക്കണം,
അതിനവന്‍ തല്ലുകൂടല്‍ പഠിച്ചിരിക്കണം.
അങ്ങനെ ഞാന്‍ തെമ്മാടിയായി.
പണക്കാരുടെ, ഭീരുക്കളുടെ മുടന്തന്‍ ന്യായങ്ങള്‍ക്കു, ഞാന്‍ കാവലാളായി-
അവര്‍ക്കു വേണ്ടി ഞാന്‍ തല്ലുകൂടി.
എന്റെ കുപ്പായത്തില്‍ പണക്കാരുടെ തെമ്മാടിത്ത ത്തിന്റെ ചളി പുരണ്ടു,
കീശയില്‍ അവരുടെ കാശും.
എന്റെ മോഹം, എന്നേക്കാള്‍ വലുതായി.
അവരുടെ തെമ്മാടിത്തം വിറ്റ കാശുകൊണ്ടു-
ഞാന്‍ പണക്കാരനായി.
പണക്കാരനായപ്പോള്‍ എനിക്കു ചുറ്റുമുള്ള, ദരിദ്രരോടെനിക്കു പുച്ഛം തോന്നി.
പണക്കാരന്‍ ദരിദ്രരരുടെ ഇടയിലെങ്ങനെ ജീവിക്കും, അതെന്റെ സ്റ്റാറ്റസിനെ ബാധിക്കില്ലേ?.
ദരിദ്രരരെ ഞാന്‍ തഴഞ്ഞു.
പണക്കാരുടെ കോളനിയില്‍ ഞാനൊരു വീടുണ്ടാക്കി.
തെമ്മാടിയായ പണക്കാരന്‍ മണിമാളിക പണിതു, എന്നെ കേള്‍പ്പിക്കാതെ-
എനിക്കു ചുറ്റുമുള്ളവര്‍ പറഞ്ഞു.
എന്റെ കുപ്പായത്തിലേറ്റ, തെമ്മാടി കറ കളയാന്‍,
എന്റെ പുതിയ കൂട്ടങ്ങള്‍ക്കു വിരുന്നൊരുക്കി.
വിലകൂടിയ മദ്യങ്ങള്‍ ഞാന്‍ വിളമ്പി, ഭക്ഷണവും.
മലയാളമറിയാത്ത ഞാന്‍ ആംഗലേയം പഠിച്ചു, പറഞ്ഞു.
ഞാന്‍ നല്‍കിയ മദ്യ ലഹരിയിലും അവരെന്റെ കുപ്പായത്തിലെ,
തെമ്മാടിത്തം കണ്ടു.
വിരുന്നുകള്‍ക്കിടയില്‍ എച്ചില പെറുക്കാന്‍ വന്നെന്റെ,
പഴയ ചങ്ങാതിമാരെ, ഞാന്‍ തെറി വിളിച്ചോടിച്ചു.
എന്റെ കുപ്പായത്തിലെ ചളി മാഞ്ഞു, അപ്പോഴേക്കും,
ഞാന്‍ പണക്കാരനല്ലാതായി തീര്‍ന്നിരുന്നു.
പണം എന്നില്‍ നിന്നു നഷ്ടപ്പെട്ടപ്പോള്‍ എന്റെ കുപ്പായത്തിലെ തെമ്മാടി കറ,
വീണ്ടും തെളിഞ്ഞു വന്നു.
പണമുണ്ടായിട്ടും എന്നെ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന, പണക്കാരെ വിട്ടു
ഞാന്‍ ദരിദ്രരായ, ഞാന്‍ എച്ചില പെറുക്കാന്‍ പോലും,
കൂട്ടാകാതിരുന്ന ചങ്ങാതി മാരെ തേടിയെത്തി,
അവര്‍ പഴയതെല്ലാം മറന്നെന്നെ കൂട്ടാളിയാക്കി.