Saturday, 26 May 2007

സ്വത്ത്

അച്ഛന്‍ പെങ്ങളുടെ വീട്ടിലേക്കുള്ള ആദ്യത്തെ യാത്രയാണ്. എനിക്കന്ന് 16 വയസ്സ്, അഞ്ചു വയസ്സു വരെയായിരുന്നു ഞങ്ങളെല്ലാവരും അവിടെ താമസിച്ചിരുന്നത്, അച്ചനും അമ്മൂമ്മയും അച്ഛന്റെ പെങ്ങളും ചെറിയച്ഛനുമെല്ലാം, ഇന്നാ വീട്ടില്‍ അച്ഛന്റെ പെങ്ങളും കുടുംബവും മാത്രം, അമ്മൂമ്മ മരിച്ചു മക്കള്‍ പലവഴിക്കായി.

റയില്‍‌വേ സ്റ്റേഷനില്‍ ആവശ്യത്തിന് തിരക്കുണ്ട്, വടക്കോട്ടുള്ള വണ്ടി രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ അല്പസമയത്തിനുള്ളില്‍ വന്നണയുമെന്ന അനൌണ്‍സ്മെന്റനനുസരിച്ച് യാത്രക്കാര്‍ ഓവര്‍ ബ്രിഡ്ജ് കടന്ന് അടുത്ത ഫ്ലാറ്റ് ഫോമിലേക്ക് നടന്നു നീങ്ങി, കൂടെ ഞാനും. പറഞ്ഞ സമയത്ത് തന്നെ വണ്ടി വന്നു, അധികം തിരക്കില്ലാത്ത കമ്പാര്‍ട്ട്മെന്റിലൊന്നില്‍ കയറിപറ്റി, വണ്ടി തന്റെ പ്രയാണം തുടര്‍ന്നു.

അമ്മായിയുടെ ഇളയ മകന്‍ മുരളിക്കു എന്റെ പ്രായമായിരുന്നു, അവന്റെ ഏട്ടന്‍ വീടിനടുത്തെ കൃഷിക്കാവശ്യമായി മലമ്പുഴ ഡാമില്‍ നിന്ന് വരുന്ന കനാലില്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞങ്ങളും കൂടെ പോവുമായിരുന്നു, അവിടെ നിന്നാണ് നീന്തലിന്റെ ആദ്യ പാഠം ഞാന്‍ പഠിച്ചത്, അച്ഛന്‍ പെങ്ങളേക്കാള്‍ മുരളിയെ കാണാനായിരുന്നു എന്റെ യാത്ര അച്ഛനും അമ്മയും എതിര്‍ത്തിട്ടും ഞാന്‍ വാശിക്കാണ് ഇറങ്ങി പുറപ്പെട്ടത്, എന്തിനാണ് എതിര്‍ക്കുന്നത് എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല, എന്തുകൊണ്ടാണ് അവര്‍ സ്വന്തം പെങ്ങളെ കാണാന്‍ പോവാത്തതെന്ന് പലവട്ടം ചോദിച്ചിട്ടും അച്ഛനോ, അമ്മയോ ഒന്നും പറഞ്ഞില്ല.

വണ്ടി ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ അരമണിക്കൂറിലധികം നില്‍ക്കുമത്രേ. എങ്കിലും പത്തുമണിയാവുമ്പോഴേക്കും ഒലവക്കോട് ചെന്നിറങ്ങാം, അവിടന്നങ്ങോട്ട് വഴി അത്ര തിട്ടമില്ലെങ്കിലും ഉച്ചക്ക് മുന്‍പെത്താം എന്ന വിശ്വാസത്തിലാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്, ശബരിമല സീസന്‍ ആയതുകൊണ്ട് ഒത്തിരി തമിഴ് അയ്യപ്പന്മാര്‍ വണ്ടിയിലേക്ക് ഇരച്ചു കയറി, അവര്‍ തിരികെ അവരവരുടെ നാട്ടിലേക്ക് പോവുകയാണ്, സീറ്റ് പോവുമെന്നുറപ്പുള്ളത് കൊണ്ട് ഞാന്‍ എവിടേയും പോവാതെ അവിടെ തന്നെ അള്ളിപിടിച്ചിരുന്നു, വിസില്‍ ഊത്തും കൊടിക്കാണിക്കലും എല്ലാ മാമൂലുകള്‍ക്ക് ശേഷം വണ്ടി തന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും യാത്ര ആരംഭിച്ചു.

എന്റെ സ്കൂള്‍ പഠനത്തിന് മുന്‍പ് തന്നെ അച്ചന്‍ പാലക്കാട്ടു നിന്ന് മാറിയിരുന്നു, പുതിയ ജോലി ലഭിച്ചതിനാല്‍ പിന്നെ പഠനമെല്ലാം അവിടെയായിരുന്നു, സര്‍ക്കാര്‍ സ്ക്കൂളിലെ വാദ്യാരായത് കൊണ്ട് സ്ഥലമാറ്റത്തിനൊപ്പം എന്റെ സ്കൂളും മാറി മാറികൊണ്ടിരുന്നു, അതുകൊണ്ടല്ലാം തന്നെ പ്രിയം നിറഞ്ഞൊരു ബാല്യ കാല സുഹൃത്ത് എനിക്കുണ്ടായില്ല, മുരളി, അവന്റെ ചിത്രം എന്റെ മനസ്സില്‍ എപ്പോഴും നിറഞ്ഞു നിന്നു.

വണ്ടി ഒലവക്കോട് എത്തി, ഞാനിറങ്ങി റയില്‍‌വേ സ്റ്റേഷന്റെ പുറത്തേക്ക് , റോഡിന്റെ ഇരു ഭാഗത്തും വലിയ ചട്ടിയിലെ തിളച്ച എണ്ണയിലേക്ക് നേന്ത്രപഴം ഒത്തിരി വേഗതയില്‍ അരിഞ്ഞു വീഴ്ത്തുന്നൊരാള്‍ മറ്റൊരാള്‍ അത് കോരി മറ്റൊരു പാത്രത്തിലേക്ക്, എണ്ണയുടെ ചൂ‍ടുള്ള മണത്തോടൊപ്പം കായവറുത്തതിന്റെ കൊതിയൂറുന്ന മണവും, ഒരു കിലോ കായവറുത്തതും മറ്റു പലഹാരങ്ങളും വാങ്ങി, ഒരു വീട്ടിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം പോകുന്നതല്ലേ വെറും കൈയ്യോട് കയറി ചെല്ലുക ചേപ്രയല്ലേ.

പാലക്കാട്ടേക്ക് പോവാനുള്ള ബസ്സ് തിരക്ക് പിടിച്ച് ഇപ്പം പോവും ഇപ്പം പോവും എന്ന മട്ടില്‍ നില്‍ക്കുന്നു, കയ്യിലെ പൊതിയും രണ്ടു ദിവസം നില്‍ക്കുകയാണെങ്കില്‍ കരുതിയ വസ്ത്രങ്ങളടങ്ങിയ ബാഗും താങ്ങി ഓടി കിതച്ച് ബസ്സില്‍ കയറി, നില്‍ക്കാന്‍ പോലും ഇടമില്ലാത്ത ബസ്സില്‍ പിന്നേയും ആളെ കാത്തു നില്‍ക്കുന്ന ഡ്രൈവറേയും കണ്ടക്ടരേയും പ്രാകുന്ന യാത്രക്കാരില്‍ ഞാന്‍ പങ്കുചേരാതെ ഒരു കമ്പിയില്‍ ചാരി നിന്നു, ആരെല്ലാമോ കയറിയപ്പോ കണ്ടക്ടര്‍ അഞ്ഞടിച്ച ബെല്ലടി കേട്ട് ഡ്രൈവര്‍ ബസ്സിനെ ഓട്ടിക്കാന്‍ തുടങ്ങി.

മുരളി ഇപ്പോ എങ്ങനെയായിരിക്കും, അവന്റെ മുട്ടിനോളം നീളമുള്ള കൈ ചുരുങ്ങിയിരിക്കുമോ?, അമ്മായിക്ക് എന്നോട് വെറുപ്പായിരിക്കുമോ ? അവര്‍ക്കെന്നെ മനസ്സിലാകുമോ ? ഇല്ല. അതില്ലാതിരിക്കാന്‍ ഞാന്‍ അച്ഛന്റേയും അമ്മയുടേയും പടം എടുത്തിട്ടുണ്ട്, എന്തുകൊണ്ട് അമ്മായി ഒരിക്കല്‍ പോലും അച്ഛനെ കാണാന്‍ വരാതിരുന്നത് ? അവരുടെ നല്ല ബന്ധം കൂട്ടി യോജിപ്പിക്കാനുള്ള ആദ്യ നടപടി ഇതായിരിക്കും എന്റെയീ യാത്രകൊണ്ടുള്ള വലിയ പ്രയോജനം അതായിരിക്കണം.

ബസ്സ് വിക്ടോറിയ കോളേജ് ചുറ്റി തിരിയുമ്പോഴേ എന്റെ മനസ്സ് ചെറുപ്പത്തിലേക്ക് അറിയാതെ പാഞ്ഞു.. വിക്ടോറിയായുടെ അടുത്തുള്ള ഗണപതി കോവിലില്‍ അച്ഛന്‍ ഇടയ്ക്കിടെ എന്നേയും കൂട്ടി വരുമായിരുന്നു, വിക്ടോറിയ മുതല്‍ പാലക്കാട് ടൌണ്‍ വരെ ഒരു ഓരത്ത് കൂടെ അച്ചന്‍ പലതും പറഞ്ഞ് തന്ന് നടക്കും, ചെമ്പൈ ഭാഗവതരുടെ ഒരു പ്രതിമ കണ്ടൊരു ഓര്‍മ്മ... ബസ്സ് അതിന് മുന്‍പിലൂടെ ... കോട്ട മൈതാനം ചുറ്റി ബസ്സ്, സ്റ്റാന്റില്‍ വന്നു നിന്നു.

ഇനി ശരണം ഓട്ടോ തന്നെ, ഒരു ഓട്ടോക്കാരനെ സമീപിച്ച് മണലിലേക്ക് എന്നു പറഞ്ഞതും ആവേശത്തോടെ അയാള്‍ എന്നേയു കൂട്ടി സുല്‍ത്താന്‍ പേട്ട ജംഗ്ഷന്‍ ലക്ഷ്യം വെച്ച്..., ജംഗ്ഷന്‍ ക്രോസ് ചെയ്ത് കോയമ്പത്തൂര്‍ റോഡിലേക്ക്..., ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് ഇടത്തോട്ടുള്ള റോഡിലേക്ക് ..

അന്നെന്റെ അച്ഛന്റെ വീട്ടിലേക്ക് പോവുക വയലിന് നടുവിലൂടെയുള്ള പഞ്ചായത്ത് റോഡിലൂടെയായിരുന്നു, റോഡിനിരുവശവും വലിയ തടിച്ച കരിമ്പനകള്‍, അവയുടെ മുകളില്‍ മരംകൊത്തി ഉണ്ടാക്കി ഉപേക്ഷിച്ച പൊത്തുകളില്‍ പച്ച തത്ത കൂട് കെട്ടിയതും അവ കൂ‍ട്ടത്തോടെ പറന്നകലുന്നത് കാണാനും എന്തു രസമായിരുന്നു, കൂട്ടമായി അവ പറന്നുല്ലസിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഒച്ചകള്‍ക്കനുസൃതമായി ഒരു മിമിക്രിക്കാരന്റെ ലാഘവത്തോടെ ഞാനും ഒച്ചവെച്ചു, അച്ഛന്റെ രൂക്ഷമായ നോട്ടം ഒച്ച എന്റെ തൊണ്ടയില്‍ തന്നെ കുടുക്കി വെച്ചു.

പുതിയ ഹൈവേ വന്നിരിക്കുന്നു മണലിയെ മുറിച്ചുകൊണ്ട്, വയലുകള്‍ നികത്തി വലിയ ഹോട്ടലുകളും മറ്റും നിര്‍മ്മിച്ചിരിക്കുന്നു, പഴയ പഞ്ചായത്ത് റോഡ് ടാറിട്ടിരിക്കുന്നു, അതിനരികിലെ കൂട്ടമായി നിന്നിരുന്ന കരിമ്പനകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പച്ച തത്തകളെ സ്വീകരിക്കാനുള്ള വലിയ പൊത്തുകളുമായി കാത്തിരിക്കുന്നു, പക്ഷെ പച്ച തത്തകള്‍ ഇനി വരില്ലാ എന്ന തിരിച്ചറിവില്ലാതെ കരിമ്പനകള്‍ തന്റെ കടയ്ക്കെപ്പോ കോടാലി വീഴുമെന്നറിയാതെ.

കൃത്യമായ വിലാസം നലകിയത് കൊണ്ടും മുരളിയുടെ അച്ഛനെ എല്ലാവരും അറിയുന്നത് കൊണ്ടുമായിരിക്കണം അമ്മായിയുടെ ( എന്റെ തന്നെ) വീട്ടിന്റെ ഉമ്മറത്ത് ഓട്ടോ നിറുത്തി,ഓട്ടോക്ക് കൂലി നല്‍കി ഞാന്‍ വീടിന്റെ ഗേറ്റ് തുറന്ന്....
വരാന്തയില്‍ ഒരു മദ്ധ്യവയ്സക്കന്‍ വട്ട കണ്ണടയും വെച്ച് എന്തോ വായിച്ചിരിക്കുന്നു, ഒരപരിചിതന്‍ ഒരു മുന്നറീയിപ്പുമില്ലാതെ ഗേറ്റ് തുറന്ന്...

അക്കൌണ്ട് ഗോപാലനെ അറിയാത്തവര്‍ പാലക്കാട് ടൌണില്‍ വളരെ കുറവ്, സര്‍ക്കാറിന് നികുതി കൊടുക്കാതെ എങ്ങനെ ഒതുക്കാം എന്നതില്‍ ബിരുദാനന്തര ബിരുദമെടുത്ത മഹാന്‍, അതുകൊണ്ട് തന്നെ പാലക്കാട്ടെ എല്ലാ കച്ചവടക്കാര്‍ക്കും ഗോപാലന്റെ സേവനം അത്യാവശ്യമായിരുന്നു, പാലക്കാട്ട് ആരെയെല്ലാം ആര്‍ക്ക് പറ്റിയ്ക്കാന്‍ പറ്റും പക്ഷെ ആ ലിസ്റ്റിലൊന്നും ഗോപാലന്റെ പേര് കാണില്ല, ഗോപാലനെ പറ്റിയ്ക്കാന്‍ ജന്മമെടുത്തവര്‍ പാലക്കാടന്നല്ല കേരളത്തില്‍ പോലുമുണ്ടാവില്ല അതാ ജന സംസാരം.

മുരളിയുടെ അച്ഛനാണന്ന് ഒറ്റനോട്ടത്തില്‍ തന്നെ എനിക്ക് മനസ്സിലായി, അദ്ദേഹത്തിനെന്നെ മനസ്സിലായില്ല, അപ്പോഴേക്കും വാതില്‍ പടിയില്‍ അമ്മായിയും വന്നു നിന്നു സാകൂതം എന്നെ നോക്കി. അവരുടെ മുടിയിഴകള്‍ക്ക് വെളുപ്പ് കയറിയതൊഴിച്ചാല്‍ മറ്റു ഭാവമാറ്റങ്ങളൊന്നുമില്ല, ഞാന്‍ പുഞ്ചിരിയോടെ അധികാര ഭാവത്തോടെ വീടിനകത്തേക്ക് കയറി.
“ആരാ ? മനസ്സിലായില്ല ! മുരളിയുടെ അച്ഛന്‍ മൊഴിഞ്ഞു...”
ചിരിച്ചുകൊണ്ട് ഞാന്‍ “.. ഞാന്‍ അജി, മോഹനന്റെ മകന്‍”
മുരളിയുടെ അച്ഛന്റെ മുഖം വല്ലാതെ കറുത്തു, വക്രിച്ച മുഖത്തോടെ ഭാര്യയെ നോക്കി, അമ്മായി അതൊന്നും ശ്രദ്ധിക്കാതെ അത്ഭുതത്തോടെ എന്നെ നോക്കി.., വാരിപുണര്‍ന്നുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി. എന്റെ ആദ്യത്തെ ചോദ്യം ‘മുരളി എവിടെ എന്നായിരുന്നു‘.
“അവന്‍ ഉച്ചയൂണിന് ചിലപ്പോഴേ വരൂ, ട്യൂഷന്‍ കഴിഞ്ഞയുടന്‍ കോളേജിലേക്ക് പോവും പിന്നെ വൈകിട്ടേ വരൂ, മോന്‍ കുളിച്ച് ഭക്ഷണം കഴിച്ച് വിശ്രമിക്കുക”
ഞാനൊട്ടും പ്രതീക്ഷിക്കാതെയുള്ള അവരുടെ സ്നേഹം.. ഇത്രയും സ്നേഹം മനസ്സിന്റെ ഉള്ളില്‍ വെച്ചിട്ട് എന്തുകൊണ്ട് ഇത്രയും കാലം ഇവരൊന്ന് എന്റെ അച്ഛനെ കാണാന്‍ ശ്രമിച്ചില്ല ?

കുളിച്ച്, ഉച്ചയൂണ് കഴിഞ്ഞ് ഒന്നു മയങ്ങാന്‍ മുരളിയുടെ മുറിയില്‍ കിടക്കവേ, പതിഞ്ഞ ശബ്ദത്തില്‍ അമ്മായി മുരളിയുടെ അച്ഛനുമായി വഴക്കിടുന്നത് ഞാന്‍ കേട്ടു.
“ അവകാശം സ്ഥാപിക്കാന്‍ അവന്റെച്ഛന്‍ പറഞ്ഞു വിട്ടതായിരിക്കും” മുരളിയുടെ അച്ഛന്റെ ശബ്ദം.
“ നിങ്ങള്‍ പതുക്കെ പറ ആ കുട്ടിക്ക് എന്തറിയാം, അവന്റെ മനസ്സിലൊന്നുമില്ലാത്തത് കൊണ്ടല്ലേ അവന്‍ നമ്മേ തേടി എത്തിയത്”

ആ വാക്ക് എന്റെ മനസ്സിനെ ചിന്തിപ്പിച്ചു.. അപ്പോള്‍ എന്റെ അച്ചന്റേയും അമ്മയുടേയും മനസ്സില്‍ എന്തോ ഉണ്ട്..

“ ഉം .. നീ അവനെ സല്‍ക്കരിച്ച് കിടത്തിയുറക്ക് അവസാനം ഈ വീടൊഴിയാന്‍ പറഞ്ഞാല്‍ ...”

അധികമൊന്നും കേള്‍ക്കാന്‍ ഇഷ്ടമല്ലാത്തത് കൊണ്ട് ഞാന്‍ വാതില്‍ കുറ്റിയിട്ടു, മുരളി വന്ന് എന്നെ ഉണര്‍ത്തിയപ്പോഴാ നേരം അഞ്ചുമണി കഴിഞ്ഞതറിയുന്നത്.

മുരളി.. അവന് എന്നേക്കാള്‍ നീളം, എന്നേക്കാള്‍ താടിയും കട്ടി മീശയും, എന്റെത്ര തടിയില്ല കൈ പഴയത് പോലെ തന്നെ മുട്ടിനോളമുണ്ട്..

മുരളിയെ കണ്ടതും എന്തോ വലിയൊരു സന്തോഷം എന്റെ മനസ്സില്‍..
“എപ്പോഴാ മടക്കം ?”
മുരളിയുടെ ചോദ്യം എന്നെ നിരാശനാക്കി, അവനെ കാണാന്‍ മാത്രം വന്ന എനിക്കവിടെ ഒരു നിമിഷം പോലും നില്‍‌ക്കാനുള്ള മനസ്സില്ലാതാക്കുന്ന ചോദ്യം...
രണ്ടുമൂന്ന് ദിവസം ലക്ഷ്യം വച്ചിട്ടാണ് ഞാന്‍ വന്നതെങ്കിലും, എന്റെ ഉത്തരം പൊടുന്നനെ തന്നെ വന്നു.
“ നാളെ ഉച്ചയ്ക്ക് മുന്‍പ് എനിക്ക് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെത്തണം അതോണ്ട് അതി പുലര്‍ച്ചേ എനിക്കിറങ്ങണം”
“ഉം”
എന്ന മറുപടിയില്‍ എനിക്ക് മനസ്സിലായി അവനെന്നോടുള്ള സ്നേഹത്തിന്റെ ആഴകുറവ് , എനിക്കവനോട് പറയണമെന്നുണ്ടായിരുന്നു.. നിന്നെ ഓര്‍ക്കാത്ത ദിനങ്ങള്‍ ഉണ്ടായിരുന്നില്ലാ എന്നല്ലാം പക്ഷെ അതലാം മാനസ്സില്‍ തന്നെ ..

അമ്മായിയുടെ നിറഞ്ഞ സ്നേഹം പകര്‍ന്ന ചാരിതാത്ഥ്യത്തോടെ ഞാന്‍ യാത്ര പറഞ്ഞിറങ്ങി...


വീട്ടിലെത്തിയ ഉടനെ അമ്മയോട് എനിക്കൊന്നെ ചോദിക്കാനുണ്ടായിരിന്നൊള്ളൂ.. മുരളിയുടെ അച്ഛന്‍ എന്തിനായിരുന്നു എന്റെ സന്ദര്‍ശനം ഭയപ്പെട്ടത് ?

അമ്മ എന്നെ നോക്കാതെ പറഞ്ഞു.... ]
“ ആ വീടും പറമ്പും നിന്റെ അച്ചന്റെ പേരിലാണ് അവരുടെ അമ്മ എഴുതി വെച്ചത്”

“അപ്പോള്‍ സ്വത്താണ് സ്നേഹത്തെ അകറ്റിയത് അല്ലേ അമ്മേ ?”

27 comments:

അജി said...

ഞാനിവിടെ പുതിയതാണ്,ബ്ലോഗെഴുത്തിലാണ് പുതിയ ആള്‍, ഇടയ്ക്കിടെ സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ ബ്ലോഗുകള്‍ വായിക്കാറുണ്ടായിരുന്നു, ഇപ്പോള്‍ എഴുത്തും ...

ഈ ചെറുകഥ തികച്ചും സാങ്കല്പികമാണ്, യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല, ഇനി അഥവാ കാഥാപാത്രങ്ങള്‍ക്ക് സാമ്യത ഉണ്ടെങ്കില്‍ അതില്‍ ഞാന്‍ കുറ്റകാരനല്ല.

തറവാടി said...

മനോഹരം ,

ഉള്ളടക്കം പുതുമയില്ലാത്തതെങ്കിലും എഴുത്തുകാരന്‍റ്റെ
ഉള്ളിലെ വിങ്ങലിനെ അതേ അളവില്‍

വായനക്കാരനിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞ എഴുത്ത് ,
ഒഴുക്കുള്ള വിവരണം
നല്ല വായനാസുഖം തന്ന എഴുത്ത്

അഭിനന്ദനങ്ങള്‍

മൂര്‍ത്തി said...

സ്വാഗതം...

ഒന്നും അധിക ആഗ്രഹിക്കാത്ത ആളാണെങ്കിലും ഒന്നു രണ്ട് കമന്റൊക്കെ ആവാം... :)

ധാരാളം എഴുതുക...ആശംസകള്‍

sandoz said...

സ്വാഗതം......
qw_er_ty

ബീരാന്‍ കുട്ടി said...

അജി, ഗ്ലൊബിലേക്ക്‌ സ്വാഗതം.

നല്ല ഒഴുക്കുള്ള കഥ, ഇഷ്ടമായി ഒരുപാട്‌.

അഭിനന്ദനങ്ങള്‍

വേണു venu said...

അക്ഷരങ്ങളില്‍ അനുഭവങ്ങളുടെ പകര്‍ത്തലിഷ്ടപ്പെട്ടു.
അക്ഷര തെറ്റുകള്‍‍ ശ്രദ്ധിക്കുക. താങ്കള്‍ക്കു് വികാരങ്ങള്‍‍ പകര്‍ത്താനാകും. ഭാവുകങ്ങള്‍.:)

RR said...

സ്വാഗതം.. കഥ(?) നന്നായിട്ടുണ്ട്‌.

qw_er_ty

വല്യമ്മായി said...

അനുഭവം ആയാലും കഥ ആയാലും നന്നായി.അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക.പിന്നെ സംഭാഷണങ്ങളിലൊഴികെ വാമൊഴി വരാതിരിക്കാനും ശ്രമിക്കുക.ഇനിയുനിയും എഴുതൂ.ആശംസകള്‍.

അജി said...

മനസ്സില്‍ തെളിയുന്ന വാക്കുകള്‍ വിരലുകള്‍ക്കിടയിലൂടെ ഉതിരുമ്പോള്‍, അറിയാതെ വരുന്നതാണ്, (ഒരു പക്ഷെ വാ‍ക്കിന്റെ യഥാര്‍ത്ഥ വാക്ക് അറിയാത്തത് കൊണ്ടുമാവാം) അക്ഷര തെറ്റുകള്‍ അവ (വേണു, വല്യമ്മായി) ചൂണ്ടി കാണിച്ചു തന്നാല്‍ വളരെ ഉപകാരം. ഇവിടെ പേസ്റ്റ് ചെയ്യുമെന്ന് കരുതട്ടെ.

Sathees Makkoth | Asha Revamma said...

അജി, എഴുത്ത് നന്നായിട്ടുണ്ട്.തുടര്‍ന്നും എഴുതണം.

അജി said...

പാലക്കാട്ടേക്ക് പോവാനുള്ള ബസ്സ് തിരക്ക് പിടിച്ച് ഇപ്പം പോവും ഇപ്പം പോവും എന്ന മട്ടില്‍ നിക്കുന്നു, കയ്യിലെ പൊതിയും രണ്ടു ദിവസം നിക്കാണെങ്കില്‍ കരുതിയ വസ്ത്രങ്ങളടങ്ങിയ ബാഗും താങ്ങി ഓടി കിതച്ച് ബസ്സില്‍ കയറി, നിക്കാന്‍ പോലും ഇടമില്ലാത്ത ബസ്സില്‍ പിന്നേയും ആളെ കാത്തു നില്‍ക്കുന്ന ഡ്രൈവറേയും കണ്ടക്ടരേയും പ്രാകുന്ന യാത്രക്കാരില്‍ ഞാന്‍ പങ്കുചേരാതെ ഒരു കമ്പിയില്‍ ചാരി നിന്നു, ആരെല്ലാമോ കയറിയപ്പോ കണ്ടക്ടര്‍ അഞ്ഞടിച്ച ബെല്ലടി കേട്ട് ഡ്രൈവര്‍ ബസ്സിനെ ഓട്ടിക്കാന്‍ തുടങ്ങി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

അജീ, ഒരു കമന്റെഴുതി പബ്ലീഷ് ചെയ്യും മുന്‍പു ഡിലീറ്റി (ചാത്തനതു പിന്നെ ഒരു പോസ്റ്റാക്കാം)

ഒരു പാട് കാര്യങ്ങള്‍ കൂത്തിപ്പൊക്കി വിട്ടതിനു ന്നന്ദി.

സ്വാഗതം...

Anonymous said...

അജി..,
കഥ ഞാന്‍ വായിച്ചു.
സംഭവങ്ങളൊക്കെ കൊള്ളാം.
ഒരു കാര്യം ചോദിച്ചാല്‍ പിണങ്ങുമൊ? അജി എത്ര പ്രാവശ്യം ഈ കഥ വായിച്ചു? എത്ര പ്രാവശ്യം തിരുത്തി??
എന്തായാലും അജി നല്ല നല്ല കഥകള്‍ പുതിയതും പഴയതുമായവ വായിക്കൂ ആദ്യം. കഥയെ കുറിച്ച് വിശദമായി പിന്നീട് പറയാം. എന്തെങ്കിലും വ്യക്തിപരമായി പറയാന്‍ ഇ-മെയില്‍ ചെയ്യാം.
സ്നേഹത്തോടെ
ഇരിങ്ങല്‍

മുസ്തഫ|musthapha said...

അജി, നന്നായിട്ടുണ്ട് അനുഭവങ്ങളുടെ ഈ പകര്‍ത്തിവെപ്പ്... പലരും ചൂണ്ടിക്കാണിച്ച പിശകുകളെല്ലാം ശ്രദ്ധിച്ച് ഒത്തിരിയൊത്തിയെഴുതൂ.

നന്നായി എഴുതാനുള്ള കഴിവ് താങ്കള്‍ക്കുണ്ട്.

ആശംസകള്‍ :)

സു | Su said...

അജീ :) സ്വാഗതം.

അച്ഛന്‍ എന്നാണ്. കുറച്ച് അക്ഷരത്തെറ്റുകളുണ്ട്. ഒന്ന് ശ്രദ്ധിച്ച് വായിച്ചാല്‍ തിരുത്താവുന്നതേയുള്ളൂ.

പക്ഷെ ഓര്‍മ്മയിലേക്കുള്ള യാത്രയില്‍, അക്ഷരത്തെറ്റില്ലല്ലോ. ചെറുകഥ ഇഷ്ടമായി.

അജി said...

തറവാടിയാണ് എന്റെ പോസ്റ്റിലെ ആദ്യ സന്ദര്‍ശകന്‍, അതിന് പ്രത്യേക നന്ദി.
മൂര്‍ത്തി, കമന്റിലൂടെ പ്രോത്സാഹനം നല്‍കുമ്പോള്‍ അതൊരു പ്രചോദനവും കൂടിയാണ്,രണ്ടല്ല അതിലധികം കമന്റുകളും സ്വീകാര്യം വന്നതിലും സ്വാഗതം പറഞ്ഞതിലും സന്തോഷം.
സാന്‍ഡോസിനും നന്ദി.
വേണുവിന് നന്ദി.
ആര്‍.ആര്‍, വല്യമായി, സതീശ് മാക്കോത്ത് ഏവര്‍ക്കും നന്ദി
ചാത്തന്‍, പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
അഗ്രജാ.., താങ്കളുടെ നൂറില്‍ നിന്നാണെന്റെ ഒന്ന് തുടങ്ങിയത്, വന്നതിലും, കഥവായിച്ചതിലും, വളരെ സന്തോഷം.
വേണു, വല്യമായി, രാജു ഇരിങ്ങള്‍ എന്നിവര്‍ വളരെ ആത്മമാര്‍ത്ഥമായി തന്നെ എന്റെ കഥയെ വായിച്ചറിഞ്ഞിരിക്കുന്നു, ശരിയാണ് ഇതില്‍ പല തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്, ഇരിങ്ങല്‍ പറഞ്ഞത് വളരെ ശരിയാണ്, ഞാനിത് എഴുതിയതിന് ശേഷം ഒരൊറ്റ തവണ വായിക്കുകയോ, തെറ്റ് തിരുത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല, അതിന് ഒഴിവ് കഴിവുകള്‍ പറഞ്ഞാലൊന്നും എന്റെ പോരായ്മ ഇല്ലാതാവില്ല, എനിക്കൊരു ഉപകാരം എന്റെ ശ്രദ്ധയില്‍ പെടാതെ പോയ തെറ്റുകള്‍ നിറഞ്ഞ വാക്കുകള്‍, ഒന്നിവിടെ ക്വോട്ട് ചെയ്യാമോ ?
വന്ന് വായിച്ച് കമന്റിയവര്‍ക്കും, എല്ലാത്തവര്‍ക്കും, നന്ദി.

അജി said...

സൂ... ഞാനത് എഡിറ്റ് ചെയ്യാം, തെറ്റ് തിരുത്തി തന്നതില്‍ സന്തോഷം, ഇവിടെ വന്നതിലും ഈ കഥ വായിച്ചതിലും,അത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും, വളരെ സന്തോഷം.

കുട്ടിച്ചാത്തന്‍ said...

മനസ്സിലാക്കാന്‍ മാത്രം ഒന്നൂല്ല. സമാനമായ ഓര്‍മ്മ ഒന്ന് തികട്ടിവന്നത് കമന്റായിട്ടിട്ടതാ. അതു പോസ്റ്റാക്കാം ന്നു കരുതി ഡിലീറ്റി എന്നു..
qw_er_ty

അജി said...

എനിക്ക് മനസ്സിലായ തെറ്റുകള്‍, ഒരുവിധം തിരുത്തിയിട്ടുണ്ട്. ഇനിയുമുണ്ടെങ്കില്‍ അത് പറഞ്ഞു തരിക. എല്ലാ വായ്ക്കാരും

asdfasdf asfdasdf said...

സ്വാഗതം. ഇനിയും എഴുതൂ..

കരീം മാഷ്‌ said...

എഴുതാന്‍ കഴിവുണ്ടെന്നു തെളിയിച്ചു.
ഇനി ക്ഷമയോടെ തെറ്റുകള്‍ തിരുത്താനും വാചക വാക്യ പദ വിന്യാസം സുന്ദരമാക്കാനും ശ്രമിച്ചാല്‍ എഴുത്തു മനോഹരമാകും.

കരീം മാഷ്‌ said...

കുറച്ചു തെറ്റുകള്‍ ഇതാ...(മുഴുവന്‍ നോക്കിയില്ല)
അമ്മൂമയും - അമ്മൂമ്മയും
കപാര്‍ട്ട്മെന്റിലൊന്നില്‍ - കമ്പാര്‍ട്ട്‌മെന്റിലൊന്നില്‍
ഇളയ മകന്‍ മുരളി എന്റെ പ്രായമായിരുന്നു - ഇളയ മകന്‍ മുരളിക്കു എന്റെ പ്രായമായിരുന്നു
വരുന്ന ഉത്ഭവിക്കുന്ന കനാലില്‍ - വരുന്ന(ഉത്ഭവിക്കുന്ന) കനാലില്‍,

അജി said...

കുട്ടന്‍‌മേനോന്‍ വന്നതില്‍ നന്ദി.
കരീം മാഷ് വന്നതിലും, ഉപദേശങ്ങള്‍ക്കും,വളരെ സന്തോഷത്തോടെയുള്ള നന്ദി. താങ്കള്‍ ചൂണ്ടി കാണിച്ച എല്ലാ തെറ്റുകളും തിരുത്തി, ഒത്തിരി നന്ദി

ഇവിടെ വരുന്ന പുതുമുഖങ്ങള്‍ക്ക്, വഴി കാട്ടിയാകുന്ന, പഴയ മുഖങ്ങളുടെ ആത്മാര്‍ത്ഥത പ്രശംസനീയം തന്നെ.

അജി said...

മുരളിയെ കണ്ടതും എന്തോ വലിയൊരു സന്തോഷം എന്റെ മനസ്സില്‍..
“എപ്പോഴാ മടക്കം ?”
മുരളിയുടെ ചോദ്യം എന്നെ നിരാശനാക്കി, അവനെ കാണാന്‍ മാത്രം വന്ന എനിക്കവിടെ ഒരു നിമിഷം പോലും നില്‍‌ക്കാനുള്ള മനസ്സില്ലാതാക്കുന്ന ചോദ്യം...
രണ്ടുമൂന്ന് ദിവസം ലക്ഷ്യം വച്ചിട്ടാണ് ഞാന്‍ വന്നതെങ്കിലും, എന്റെ ഉത്തരം പൊടുന്നനെ തന്നെ വന്നു.
“ നാളെ ഉച്ചയ്ക്ക് മുന്‍പ് എനിക്ക് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെത്തണം അതോണ്ട് അതി പുലര്‍ച്ചേ എനിക്കിറങ്ങണം”

kichu / കിച്ചു said...

അജി

എന്നും അങനെതന്നെആണ്... സ്വത്ത് സ്നെഹത്തെ അകറ്റും, അത് ലോകസ്വഭാവം.
ഇവിടെ ആയാലും എവിടെ ആയാലും.

നന്നായിരിക്കുന്നു.

എല്ലാ ഭാവുകങളും.......

:: niKk | നിക്ക് :: said...

സ്വാഗതം അജി :)

ഇപ്പോഴാണ് ഇവിടെ എത്തിപ്പെട്ടത്. :)

ജാസൂട്ടി said...

മനോഹരം...